പോലിസുകാരന്റെ വീടിന് നേരേ 'മിന്നല്‍ മുരളി' ആക്രമണം

Update: 2022-01-02 06:41 GMT

കോട്ടയം: കുമരകത്ത് പോലിസുകാരന്റെ വീടിന് നേരേ 'മിന്നല്‍ മുരളി' മോഡല്‍ ആക്രമണം. പോലിസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകളും വാതിലും അടിച്ചുതകര്‍ക്കുകയും വീടിന്റെ മുന്നിലെ ചുവരില്‍ 'മിന്നല്‍ മുരളി ഒര്‍ജിനല്‍' എന്ന് എഴുതി വയ്ക്കുകയും ചെയ്തു. വീടിന്റെ വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ടോയ്‌ലറ്റ് തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സന്ധ്യ മയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറയുന്നു. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പോലിസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.

മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചുനീക്കി. പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായിത്തീരുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി കുമരകം പോലിസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്ന് ഓടിച്ചതിന്റെ പ്രതികാരമാണു വീടാക്രമണത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകളുണ്ടായിരുന്നെന്നും അവയുടെ നമ്പര്‍ പ്രകാരം പ്രതികളെ കണ്ടെത്താനാവുമെന്നും കുമരകം എസ്‌ഐ എസ് സുരേഷ് പറഞ്ഞു. സംഭവത്തില്‍ കുമരകം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Tags:    

Similar News