സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

Update: 2025-06-03 14:58 GMT

കോട്ടയം: എം സി റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ലോറിയിലിടിച്ച് മറിഞ്ഞ സ്‌കൂട്ടറില്‍നിന്ന് വീണ രജനിയുടെ ശരീരത്തിലൂടെ അതേ ലോറി കയറിയിറങ്ങുകയായിരുന്നു.

ഭര്‍ത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറില്‍ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവര്‍. മുളങ്കുഴ ജംഗ്ഷന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ലോറി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന്, സ്‌കൂട്ടര്‍ ലോറിയ്ക്കടിയിലേയ്ക്ക് മറിഞ്ഞു.

റോഡില്‍ വീണ രജനിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. രജനി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഷാനവാസിന്റെയും രജനിയുടെയും ഹെല്‍മെറ്റുകളടക്കം തെറിച്ചുപോയിരുന്നു. രജനിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.