മലയോരമേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, മീനച്ചിലാറ്റിലെ ജലനിരപ്പുയര്‍ന്നു

Update: 2021-06-24 03:58 GMT

കോട്ടയം: മലയോരമേഖലയില്‍ വീണ്ടും ദുരിതം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലുമാണ് നിര്‍ത്താതെ മഴ പെയ്തത്. ഇതെത്തുടര്‍ന്നാണ് പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. തലനാട് അടുക്കം മേഖലയില്‍ ഇന്നലെ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് (ഇഞ്ചപ്പാറ) മേഖലയില്‍ രാത്രി 9.30നുമാണ് മണ്ണിലിടിച്ചിലുണ്ടായത്. അടുക്കത്ത് രണ്ടു കുടുംബങ്ങളെ അങ്കണവാടിയിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു.

തീക്കോയി മേഖലയില്‍ വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ ശക്തമായ മഴ പെയ്തിരുന്നു. തീക്കോയി, ചേരിപ്പാട് മേഖലയില്‍ മീനച്ചിലാറ്റില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നു. ചേരിപ്പാട് ജലനിരപ്പ് 45 മിനിറ്റില്‍ 50 സെന്റീ മീറ്റര്‍ ഉയര്‍ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിന് അടിയിലായി മാറിയിരുന്നു. ഇതെത്തുടര്‍ന്നു അതീവജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തലനാട് ചാമപ്പാറ പള്ളിയുടെ പരിസരങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. വാഗമണ്‍, വഴിക്കടവ് മേഖലകളില്‍ വൈകുന്നേരം മുതല്‍ ശക്തമായ മഴ പെയ്തതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ തന്നെയുള്ള മേസ്തിരി പടിയിലും ഏതാനും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടായതായി സംശയിക്കുന്നതായി സംശയിക്കുന്നുണ്ട്. ഉരുള്‍പൊട്ടലിനെ സമാനമായ രീതിയിലാണ് വെള്ളം കലങ്ങിയെത്തുന്നത്. എന്നാല്‍, നിലവില്‍ ആര്‍ക്കും അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. അടുക്കം, മേലടുക്കം തുടങ്ങിയ മേഖലകളില്‍നിന്നാണ് വെള്ളം വലിയ രീതിയില്‍ മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഈ മേഖലകളില്‍ പതിവായി വെള്ളപ്പൊക്ക സമയത്ത് ഉരുള്‍ പൊട്ടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. നേരത്തെ പലതവണയായി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനും ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകള്‍ കാരണമായിട്ടുണ്ട്.

തീക്കോയി വെള്ളികുളം റൂട്ടില്‍ മണ്ണിടിഞ്ഞത് മൂലം ഗതാഗതം തടസ്സപ്പെട്ടു. പോലിസും ഫയര്‍ഫോഴ്‌സുമെത്തിയാണ് തടസ്സങ്ങള്‍ മാറ്റിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയിലധികമായി ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ മഴയില്ല. രണ്ടാഴ്ച മുമ്പുവരെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാര്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. കുമരകം അടക്കമുള്ള പടിഞ്ഞാറന്‍ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനെത്തുടര്‍ന്ന് വെള്ളം മുകളിലേക്ക് തള്ളിവരുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാല്‍, ഏറെ ദിവസമായി മഴ ഇല്ലാത്തതുമൂലം ജലനിരപ്പ് താഴ്ന്നിരുന്നു.

Tags: