പോപുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Update: 2021-10-20 04:29 GMT

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പ്രളയബാധിത മേഖലകളായ മുണ്ടക്കയം, കൂട്ടിക്കല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ദുരിതാശ്വാസ ക്യാംപുകള്‍, മരണപ്പെട്ടവരുടെ വീടുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ദുരിതത്തിനിരയായവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കേരള ജനതയെ ഒരിക്കല്‍കൂടി ഒന്നടങ്കം വേദനിപ്പിച്ച ദുരന്തത്തില്‍ പതിമൂന്നോളം ആളുകളാണ് മരണപ്പെട്ടത്.

കൊക്കയാര്‍ ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശുചീകരണത്തില്‍ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളില്‍ ഭക്ഷണം, വസ്ത്രം പോലുള്ള റിലീഫ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംഘടന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റുമാരായ സുനീര്‍ മൗലവി, വി കെ സലിം, സെക്രട്ടറിമാരായ സൈനുദ്ദീന്‍ മുണ്ടക്കയം, അറഫ മുത്തലിബ്, എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags: