പാറമടയില്‍ ലോറി മുങ്ങി അപകടം: ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു, ശ്വാസകോശത്തില്‍ ചളികയറി- പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

Update: 2022-03-13 17:57 GMT

കോട്ടയം: മറിയപ്പള്ളി പാറമടക്കുളത്തില്‍ മറിഞ്ഞ ലോറിയിലെ ഡ്രൈവര്‍ തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാറിന് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. രണ്ടുദിവസം മുമ്പാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ ഗോഡൗണില്‍ വളം കയറ്റാനെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാത്രി വളം ശേഖരിച്ച ശേഷം മടങ്ങുമ്പോള്‍ ലോറി നിയന്ത്രണം തെറ്റി 60 അടി താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.

ആഴങ്ങളിലേക്ക് ആണ്ടുപോയ ലോറി 18 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ലോറിയിലെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം. ചളിയും മാലിന്യങ്ങളും ചതുപ്പും നിറഞ്ഞ കുളത്തിലെ വാഹനത്തിന്റെ സ്ഥാനം കണ്ടെത്താന്‍തന്നെ ഏറെ സമയമെടുത്തു. സ്‌കൂബാ ഡൈവിങ് സംഘത്തിന് വെള്ളത്തിന് അടിയിലെ വാഹനത്തിന് അടുത്തെത്താന്‍ കഴിഞ്ഞതുമില്ല.

ലോറി കൂടുതല്‍ ആഴത്തിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യശ്രമത്തില്‍ റോപ്പ് പൊട്ടിപ്പോവുന്ന അനുഭവവുമുണ്ടായി. ഇതോടെ കുളത്തിലെ വെള്ളം വറ്റിക്കാന്‍ വലിയ യന്ത്രങ്ങളുള്ള ട്രാക്ടറുകളെത്തിക്കാന്‍ നീക്കമുണ്ടായി. നേവിയുടെ സഹായം തേടാനും ധാരണയായി. ഇതിനിടയില്‍ നിരന്തരശ്രമത്തിനൊടുവില്‍ സ്‌കൂബാ ഡൈവിങ് സംഘം ലോറിയുടെ ഷാസിയില്‍ റോപ്പ് ഉറപ്പിച്ചു. പിന്നീട് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ലോറി ഉയര്‍ത്തുകയായിരുന്നു. സ്ഥലപരിമിതിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി. കഴിഞ്ഞദിവസം രാത്രി രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

Tags:    

Similar News