കൊവിഡ് പ്രതിരോധം; സമ്പര്‍ക്കം കൂടുതലുള്ളവരുടെ പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

Update: 2021-06-28 03:03 GMT

കോട്ടയം: ജില്ലയിലെ കൊവിഡ് വ്യാപനത്തോത് കുറയ്ക്കാന്‍ സമ്പര്‍ക്കം കൂടുതലുള്ള പരമാവധി ആളുകളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍ദേശിച്ചു. ജൂണ്‍ 20 മുതല്‍ 26 വരെയുള്ള ജില്ലയുടെ ടെസ്റ്റ് പോസിറ്റീവിറ്റി 7.80 ശതമാനമാണ്. 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ കാലയളവിലെ ശരാശരി പോസിറ്റീവിറ്റി നിരക്ക് എട്ടിനു മുകളിലാണ്. ഇതില്‍തന്നെ പോസിറ്റീവിറ്റി 24ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ ഒന്നും 16 മുതല്‍ 24 വരെയുള്ള സി കാറ്റഗറിയില്‍ നാലും എട്ടിനും പതിനാറിനും ഇടയിലുള്ള ബി കാറ്റഗറിയില്‍ 25ഉം തദ്ദേശസ്ഥാപനങ്ങളാണുള്ളത്.

നിലവില്‍ പരിശോധനയ്ക്കും ചികില്‍സയ്ക്കും വിപുലമായ സൗകര്യങ്ങള്‍ ജില്ലയിലുണ്ട്. മൂന്നാം തരംഗമുണ്ടാവുന്ന പക്ഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കൊപ്പം നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സമ്പര്‍ക്ക സാധ്യത കൂടുതലുള്ളവരുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ദിനംപ്രതിയുള്ള പരിശോധന വര്‍ധിപ്പിക്കുകയും രോഗം സ്ഥിരീക്കപ്പെടുന്നവരുടെ ഐസൊലേഷനും സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരുടെ ക്വാറന്റയിനും കൃത്യമായി ഉറപ്പാക്കാന്‍ ജാഗ്രതപുലര്‍ത്തുകയും വേണം.

ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളും ജനസാന്ദ്രതയേറിയ മേഖലകളില്‍ താമസിക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി സമ്പര്‍ക്ക സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പ്രകാരം പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഈ മാതൃക പിന്തുടരാന്‍ മറ്റ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളും ശ്രദ്ധിക്കണം. രോഗവ്യാപനം തുടക്കത്തില്‍തന്നെ കണ്ടെത്താാനും കൃത്യസമയത്ത് ചികില്‍സാ, പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇത് സഹായകമാവും- കലക്ടര്‍ പറഞ്ഞു.

Tags: