മൂന്നാറില്‍ കാട്ടാനക്കൂട്ടം സ്‌കൂള്‍ കെട്ടിടം തകര്‍ത്തു; വന്‍ നാശനഷ്ടം

Update: 2025-08-17 07:04 GMT


മൂന്നാര്‍:
മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എല്‍.പി. സ്‌കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സ്‌കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ സ്‌കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ ആര്‍ക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകള്‍ കുട്ടികള്‍ക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങള്‍ മുഴുവന്‍ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂര്‍വമാണ്.

സ്‌കൂള്‍ കെട്ടിടം തകര്‍ത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അടിയന്തരമായി സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കാട്ടാന ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടാനശല്യം കാരണം ജനങ്ങള്‍ ഭീതിയിലാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.