റോഡ് റോളര്‍ ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു

Update: 2023-09-16 05:24 GMT

കൊല്ലം: കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 - ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ചല്‍ സ്വദേശി വിമല - രാജേന്ദ്രന്റെ മകന്‍ വിനോദ് (39) ആണ് മരിച്ചത്. അഞ്ചല്‍ ബൈപ്പാസില്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാത്രിയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. ഇതിന് വേണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു റോഡ് റോളര്‍. ഇതിന്റെ അടിവശത്ത് കിടക്കുകയായിരുന്നു മരണപ്പെട്ട വ്യക്തി. അടിയില്‍ ആള്‍ ഉണ്ടെന്ന് അറിയാതെ ഡ്രൈവര്‍ ഇയാളുടെ ദേഹത്ത് കൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ വിനോദ് മരിച്ചു.