കൊല്ലത്ത് പള്ളി സെമിത്തേരിക്ക് സമീപം സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

Update: 2025-03-11 05:47 GMT

കൊല്ലം: പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ രാവിലെ ഒമ്പതു മണിയോടെയാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവര്‍ ഈ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഇതോടെ ആരെങ്കിലും ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് സിറ്റി പോലിസ് കമ്മീഷ്ണര്‍ വ്യക്തമാക്കി.

കൊല്ലം ഈസ്റ്റ് പോലിസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്.

നഗരഹൃദത്തിലാണ് ശരദമഠം സിഎസ്ഐ പള്ളിയും അസ്ഥികൂടം കണ്ടെത്തിയ സ്ഥലവും സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ തിരക്കുള്ള പ്രദേശം കൂടിയാണിത്. രാത്രിയും ആള്‍ക്കാര്‍ ഉണ്ടാകുന്ന സ്ഥലം.