ജനവാസ മേഖലയില്‍ പുലിയിറങ്ങി; ഭീതിയോടെ നാട്ടുകാര്‍

തേക്കിന്‍കൂപ്പിലെ ഇടവഴിയിലൂടെ നടന്നുവരുമ്പോള്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് പുലി ഓടി മറഞ്ഞുവെന്ന് തൊഴിലാളികള്‍ പറയുന്നു.

Update: 2019-03-26 09:34 GMT

കൊല്ലം: പത്തനാപുരം പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കടയ്ക്കാമണ്‍ പൂവാലിക്കുഴിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി. പത്തനാപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് ഇന്നലെ രാത്രി എട്ടോടെ പുലിയെ കണ്ടത്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. അസമയങ്ങളില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ വീടിന് വെളിയിലിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേക്കിന്‍കൂപ്പിലെ ഇടവഴിയിലൂടെ നടന്നുവരുമ്പോള്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് പുലി ഓടി മറഞ്ഞുവെന്ന് തൊഴിലാളികള്‍ പറയുന്നു. വിവരം അറിയിച്ചതോടെ പോലിസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടത്താനായില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയ്ക്കാമണ്‍, ചേകം പ്രദേശങ്ങളില്‍ ഇറങ്ങിയ പുലി പോലിസുകാരെയും തോട്ടം തൊഴിലാളികളെയുമടക്കം ഇരുപതോളം പേരെ അക്രമിച്ചിരുന്നു. ഈ പുലിയെ നാട്ടുകാര്‍ സംഘടിച്ച് കൊല്ലുകയും ചെയ്തു. കഴിഞ്ഞവര്‍ഷം സമീപ പ്രദേശമായ പാടത്ത് പടയണിപ്പാറയില്‍ ഇറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടിരുന്നു. 

Tags: