കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിന്റെ അക്രമം; 11 പേര്‍ക്കു പരിക്ക്

Update: 2025-09-07 09:10 GMT

കൊല്ലം: കൊല്ലത്ത് തിരുവോണ ദിവസം ദലിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിന്റെ അക്രമം. ലഹരി സംഘത്തിന്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയത്. വീടുകയറിയുള്ള അക്രമത്തില്‍ കുട്ടികളടക്കം11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ വീട്ടില്‍ വിരുന്നെത്തിയ ബന്ധുക്കള്‍ക്കടക്കമാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 അംഗ സംഘമാണ് അക്രമം നടത്തിയത്.

ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് അക്രമണം ഉണ്ടായത്. എന്നാല്‍ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ പോലിസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലൂടെ ബൈക്കുകളില്‍ പോയ ലഹരിസംഘം സ്ത്രീകളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി സംഘം ആക്രമം അഴിച്ചുവിട്ടത്. 6 വയസ്സുകാരി മുതല്‍ 35കാരന്‍ വരെ സംഘത്തിന്റെ മര്‍ദനത്തിന് ഇരയായി. സംഭവത്തില്‍ 8 പേരെ പോലിസ് അറസ്റ്റ് ചെയ്തു. വീടിന്റെ ജനല്‍ ചില്ലുകളടക്കം ലഹരി സംഘം അടിച്ചു തകര്‍ത്തു. ജാതി പറഞ്ഞായിരുന്നു മര്‍ദനമെന്ന് കുടുംബം പറഞ്ഞു.