അഷ്ടമുടി കായലിലെ മലിനീകരണം തടയാന്‍ കൂട്ടായ്മക്ക് രൂപം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-08-10 11:55 GMT

കൊല്ലം: അഷ്ടമുടി കായലിലെ ജല മലിനീകരണം തടയുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള മഹനീയ ശ്രമത്തിന് മനുഷ്യാവകാശ കമ്മീഷന്റെ സജീവമായ പിന്തുണ കമ്മീഷന്‍ അംഗം വികെ ബീനാകുമാരി ഉറപ്പു നല്‍കി.

മലീമസമായ അഷ്ടമുടി കായല്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് കമ്മീഷന്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കായല്‍ സംരക്ഷണത്തിനായി നിരവധി നിര്‍ദ്ദേശങ്ങളുയര്‍ന്നു.

കായല്‍ കൈയേറ്റവും മണലൂറ്റും ഗൗരവമായി എടുക്കണമെന്ന് വികെ ബീനാകുമാരി പറഞ്ഞു. ആശുപത്രി മാലിന്യം കായലില്‍ തള്ളുന്നതായി പരാതിയുണ്ട്. ഇവ തടയുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കര്‍ശന നടപടി സ്വീകരിക്കണം. കായലിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യരിലേക്ക് ഗുരുതര രോഗങ്ങള്‍ പരത്താന്‍ സാധ്യതയുണ്ട്. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു പിടി മനുഷ്യര്‍ക്ക് മലിനീകരണം വലിയ ദുരന്തങ്ങളാണുണ്ടാക്കുന്നത്. കുടിവെള്ളം അശുദ്ധമാവുകയും മത്സ്യസമ്പത്ത് നശിക്കുകയും ചെയ്യുന്നതായി കമ്മീഷന്‍ പറഞ്ഞു.

അഷ്ടമുടി സംരക്ഷണം ഒരു യോഗത്തില്‍ ഒതുക്കാതെ നിരന്തര പരിശ്രമമാക്കി മാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി മാലിന്യങ്ങള്‍ കായലില്‍ തള്ളുന്നതിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കര്‍ശന നടപടി സ്വീകരിക്കണം.

ജില്ലാ കലക്ടര്‍, ഡപ്യൂട്ടി കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, നഗരസഭാ സെക്രട്ടറി, അഡീഷണല്‍ പോലിസ് സൂപ്രണ്ട്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍, കെഎസ്ആര്‍ടിസി യിലെയും ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും.

Tags: