ആര്‍ എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന പ്രസംഗത്തിനെതിരെ പരാതി നല്‍കി

Update: 2025-04-30 15:48 GMT

മഞ്ചേശ്വരം:  വോര്‍ക്കാടിയില്‍ ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയില്‍ കര്‍ണാടകയിലെ തീവ്ര ഹിന്ദുത്വ നേതാവും മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള കല്ലട്ക്ക പ്രഭാകര്‍ ബട്ട് പഹല്‍ഗാം ആക്രമണം അടക്കം ചൂണ്ടി കാട്ടി വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി.

നാടിന്റെ സമാധാനത്തിനും ഐക്യത്തിനും തുരങ്കം വെക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പ്രസംഗമാണ് അയാള്‍ നടത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ കര്‍ണാടകയിലെ മറ്റൊരു ഹിന്ദുത്വ നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ശേഷം പള്ളിയില്‍ കയറി ഒരു മുസ് ലിം പണ്ഡിതനെ കൊല്ലുന്ന സാഹചര്യം നമ്മുടെ കണ്മുന്നില്‍ നില്‍ക്കെ ഇന്നലെ നടന്ന പ്രസംഗത്തില്‍ കല്ലട്ക്ക പ്രഭാകര്‍ ബട്ട് എല്ലാ ഹിന്ദു വീട്ടിലും വാള്‍ കരുതണം എന്നും അത് മുസ് ലികളെ ഭയപ്പെടുത്താന്‍ ഉപകാരപ്പെടുമെന്നൊക്കെ ഉള്ള തരത്തില്‍ നടത്തിയ പ്രസംഗം സമൂഹത്തില്‍ ഐക്യം തകര്‍ക്കാനും ഭിന്നത ഉണ്ടാക്കാനും മതസ്പര്‍ദ്ധക്കും കലാപം അടക്കമുള്ള കാര്യങ്ങള്‍ക്ക് കാരണമാകുമെന്നത് മനസ്സിലാക്കി ഇദ്ദേഹത്തിനെതിരെയും ഈ പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂര്‍, വൈസ് പ്രസിഡന്റ് മജീദ് വോര്‍ക്കാടി, പാര്‍ട്ടി വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കോടി, കാദര്‍ ഫോക്കസ് എന്നിവര്‍ സംബന്ധിച്ചു.