പാര്‍ട്ടി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; കാസര്‍കോഡ് നഗരസഭാ ബിജെപി അംഗം കോടതിയില്‍ കീഴടങ്ങി

Update: 2024-02-24 17:36 GMT

കാസര്‍കോഡ്: ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാസര്‍കോഡ് ബിജെപി നഗരസഭാ കൗണ്‍സിലര്‍ കോടതിയില്‍ കീഴടങ്ങി. നഗരസഭാ 37ാം വാര്‍ഡ് (കടപ്പുറം നോര്‍ത്ത്) കൗണ്‍സിലര്‍ അജിത് കുമാരന്‍ (39) ആണ് കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് സബ് ജയിലിലടച്ചു.

ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായ ജിജു സുരേഷ് (36) ആണ് അക്രമത്തിനിരയായത്. ശബരിമലക്ക് പോകാന്‍ മാലയിട്ടിരുന്ന ജിജുവിനെ സംഭവ ദിവസം രാത്രി ഫോണില്‍ വിളിച്ച കൗണ്‍സിലര്‍ കടപ്പുറത്ത് വെച്ച് കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി.

മാരകമായി കുത്തേറ്റ ജിജുവിനെ ഉടന്‍ മംഗളൂറിലെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തിയിരുന്നു. അന്നേ ദിവസം രാത്രി ജിജുവിന്റെ ഫോണില്‍ അജിത് വിളിച്ചിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് ആരോപണം. തുടര്‍ന്നാണ് കടപ്പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടതും കുത്തിവീഴ്ത്തിയതും.

ബിജെപി കുടുംബമായിട്ടും ഒരു നേതാവുപോലും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും എല്ലാ സംരക്ഷണവും കൗണ്‍സിലര്‍ക്ക് നല്‍കുകയായിരുന്നുവെന്നും ജിജുവും ഭാര്യ വര്‍ഷയും പറഞ്ഞു. ഒളിവില്‍ പോയ കൗണ്‍സിലര്‍ കാസര്‍കോഡ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിന് പിന്നാലെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.






Similar News