ഭീഷണി സന്ദേശത്തിന് പിന്നാലെ മര്‍ദ്ദനവും; പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിച്ച യൂത്ത് ലീഗ് നേതാവിനെ അറസ്റ്റുചെയ്യണം: എസ്ഡിപിഐ

Update: 2021-08-18 11:55 GMT

വിളക്കോട്: വാട്‌സ് ആപ്പില്‍ ഭീഷണി സന്ദേശം അയച്ചത് ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന് നേരേ യൂത്ത്‌ലീഗ് നേതാവിന്റെ ആക്രമണം. ഇന്നലെ വൈകീട്ടോടെയാണ് 'നിങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ലീഗിനെ വിമര്‍ശിക്കുമോടാ' എന്നാക്രോശിച്ചുകൊണ്ടാണ് യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിദ്‌ലാജ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പില്‍ ഭീഷണി സന്ദേശം അയച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായ യൂത്ത് ലീഗ് നേതാവ് മൊഈന്‍ അലി തങ്ങളെ ലീഗ് പ്രവര്‍ത്തകന്‍ അസഭ്യം പറയുന്നതും ലീഗിലുള്ള നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതുമായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുകയും ലീഗിന്റെ തെറ്റായ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തതാണ് ഭീഷണി മുഴക്കാന്‍ കാരണം. ഇത് ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകനായ യാസീനെ മിദ്‌ലാജ് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ യാസീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനാധിപത്യരീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനെ കൈയൂക്കിന്റെ ഭാഷയില്‍ നേരിടാനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമം വച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: