നിക്ഷിപ്ത വനഭൂമിയിലെ മരം കൊള്ള: നടപടിയാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കി ആദിവാസി ഗോത്രമഹാസഭ

Update: 2021-08-06 05:35 GMT

കണ്ണൂര്‍: ആദിവാസി പുനരധിവാസത്തിന് വേണ്ടി കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിനും നിയമവിരുദ്ധമായി മരം മുറിച്ചുനീക്കിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ വനംവകുപ്പിന് പരാതി നല്‍കി. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ- ഓഡിനേറ്റര്‍ എം ഗീതാനന്ദനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെ സമീപിച്ചത്. ആദിവാസി പുനരധിവാസത്തിനു വേണ്ടി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി സുപ്രിംകോടതിയും എംപവേഡ് കമ്മിറ്റിയും പരിസ്ഥിതി മന്ത്രാലയവും നിര്‍ദേശിച്ച കര്‍ക്കശ വ്യവസ്ഥകളോടെയാണ് 7093.2257 ഹെക്ടര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.

പ്രസ്തുത ഭൂമി വിതരണത്തിന് കേരള ഭൂപതിവ് ചട്ടങ്ങള്‍ ബാധകമല്ലെന്ന വ്യവസ്ഥകളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഭൂമി നിയമവിരുദ്ധമായി റവന്യൂ വകുപ്പിന് കൈമാറുകയും മരം മുറിച്ചുമാറ്റുകയും ചെയ്തുവരികയാണ്. ഈ ഇനത്തില്‍ വരുന്ന ഭൂമിയില്‍ ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കാനും റോഡ് നിര്‍മിക്കാനുമെന്ന നിലയിലാണ് നിലമ്പൂരില്‍ (നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍) മരങ്ങള്‍ മുറിച്ചിരിക്കുന്നത്.

ജീവിക്കാനുള്ള കൃഷി ഭൂമി നല്‍കാനുള്ള പദ്ധതി എന്ന നിലയില്‍ മാത്രമാണ് കര്‍ക്കശ വ്യവസ്ഥകളോടെ ഭൂമി കൈമാറിയത്. എന്നാല്‍, ഗുണഭോക്താക്കള്‍ കൂടുതലുണ്ടെന്ന വ്യാജേനെ 5 സെന്റും 10 സെന്റുകളുമുള്ള പ്ലോട്ടുകളാക്കിയത് പരമാവധി മരം മുറിച്ചുനീക്കാനാണെന്നത് വ്യക്തമാണ്. വീടുവയ്ക്കാനുള്ള നിരവധി പദ്ധതികള്‍ പഞ്ചായത്തുകള്‍ നടപ്പാക്കുന്നുണ്ടെന്നിരിക്കെ ചെറുപ്ലോട്ടുകളാക്കിയത് മുഴുവന്‍ മരങ്ങളും മുറിച്ചുനീക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നത് വ്യക്തം. അതിനാല്‍, മരംമുറി തടയണമെന്നും നിലവില്‍ മരം മുറിച്ചുനീക്കിയവര്‍ക്കെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News