ആസാദ് ലൈബ്രറിക്ക് കാലോചിതമായ വികസനവും സംരക്ഷണവും ഉറപ്പാക്കണം: എസ്ഡിപിഐ

Update: 2025-02-03 16:57 GMT

തലശ്ശേരി: ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേരളത്തിലെ ആദ്യകാല ലൈബ്രറികളിലൊന്നായ ആസാദ് ലൈബ്രറി ബ്രിട്ടീഷ് ഭരണാധികാരികള്‍ വിക്ടോറിയ രാജ്ഞിയുടെ പേരില്‍ ആരംഭിക്കുകയും സ്വാതന്ത്രാനന്തരം ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ കലാം ആസാദിന്റെ പേരില്‍ ആലേഖനം ചെയ്യപ്പെട്ട തലശ്ശേരിയുടെ സാംസ്‌കാരിക പെരുമക്കും പ്രബുദ്ധതക്കും വലിയ സംഭാവന നല്‍കിയ ആസാദ് ലൈബ്രറി കാലോചിതമായി വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളായി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

പഴയ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളുടെയും നിരവധി മുന്‍നിര നേതാക്കള്‍ ഈ ഗ്രന്ഥാലയത്തിന്റെ നിത്യസന്ദര്‍ശകരായിരുന്നു. പല പ്രമുഖ സാഹിത്യകാരന്മാരും ആസാദ് ലൈബ്രറിയുടെ തണലില്‍ വളര്‍ന്നവരാണ്. വികസനം അനിവാര്യമായ തലശ്ശേരി ആസാദ് ലൈബ്രറിക്ക് കാലോചിതമായ ആധുനികവല്‍ക്കരണവും സംരക്ഷണവും അധികൃതര്‍ ഉറപ്പ് വരുത്തകയും കൂടുതല്‍ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് എത്താന്‍ പറ്റുന്ന പുതിയ കെട്ടിടം കണ്ടെത്തണമെന്ന് എസ്ഡിപിഐ തലശ്ശേരി മണ്ഡലം യോഗത്തില്‍ പ്രസിഡന്റ് ഷാബില്‍ പുന്നോല്‍ ആവശ്യപ്പെട്ടു.

എസ്ഡിപിഐ തലശ്ശേരി മണ്ഡലം യോഗത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസി ജലാലുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. മുഹമ്മദ് ഷബീര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മായില്‍ വീരോളി, ജോയിന്റ് സെക്രട്ടറി ലത്തീഫ്, എസ്ഡിപിഐ തലശ്ശേരി മുനിസിപ്പല്‍ പ്രസിഡന്റ് നൗഷാദ് ബംഗ്ല , സെക്രട്ടറി ഷഫാസ്, എസ്ഡിപിഐ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് ജബീര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ജുനൈദ് മട്ടാമ്പ്രം സ്വാഗതവും മണ്ഡലം ട്രഷറര്‍ മുസ്ഫിര്‍ നന്ദിയും പറഞ്ഞു.



Tags: