നഗരത്തിലെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുക; കണ്ണൂരില്‍ നാളെ എസ് ഡിപിഐ നൈറ്റ് വാക്ക്

Update: 2023-06-08 12:23 GMT

കണ്ണൂര്‍: 'കണ്ണൂര്‍ നഗരത്തിലെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: നഗരത്തിലെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുക, പോലിസ് നിസ്സംഗത അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ കണ്ണൂര്‍ ടൗണില്‍ നാളെ നൈറ്റ് വാക്ക് നടത്തും. സാധാരണക്കാരുടെ രാത്രി യാത്ര ഭീതിയിലാണെന്നും ക്രിമിനലുകളെയും ലഹരി മാഫിയയെയും നിലയ്ക്ക് നിര്‍ത്തുന്നതില്‍ പോലിസ് നിസംഗത പുലര്‍ത്തുകയാണെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍ പ്രസ്താവനയില്‍ പറഞ്ഞു. സിറ്റി പോലിസ് കമ്മീഷണറുടെയും എസിപിയുടെയും ഓഫിസില്‍ നിന്ന് പഴയ ബസ് സ്റ്റാന്റിലേക്ക് കഷ്ടിച്ച് 200 മീറ്ററിലധികം ഉണ്ടാവില്ല. എന്നാല്‍ പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഗുണ്ടാ വിളയാട്ടവും പിടിച്ചുപറിയും കത്തിക്കുത്തും നിര്‍ബാധം നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ദാരുണ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ട്രെയിന്‍ തീവയ്പും കണിച്ചാര്‍ പൂക്കുറ്റി സ്വദേശി വി ഡി. ജിന്റോ പിടിച്ചുപറിക്കാരുടെ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ചതും. ഇതിനും രണ്ടാഴ്ച മുമ്പാണ് യുവ വ്യാപാരിയായ ഒസാമയെ കടയടച്ച് പോവുമ്പോള്‍ ചിലര്‍ കുത്തിവീഴ്ത്തിയത്. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ബില്‍ഡറും വ്യാപാരിയുമായ മധ്യ വയസ്‌കനെ മുളകുപൊടി വിതറി ആക്രമിച്ചതും ഈയടുത്താണ്. പോലിസിന്റെ നിഷ്‌ക്രിയത്വവും നിസ്സംഗതയുമാണ് കണ്ണൂര്‍ നഗരത്തെ അധോലോകത്തിന്റെ കൈകളില്‍ എത്തിക്കുന്നതിന് ഇടയാക്കുന്നത്. രാത്രികാലങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥിരം പോലിസ് കാവലും നഗരത്തില്‍ പട്രോളിങ്ങും ശക്തിപ്പെടുത്തണം. ജോലികഴിഞ്ഞ് പോവുന്നവര്‍ക്കും വിദൂരങ്ങളില്‍ നിന്ന് കണ്ണൂരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും നിര്‍ഭയമായി സഞ്ചരിക്കാനുളള സാഹചര്യം ഉണ്ടാക്കാന്‍ പോലിസ് തയ്യാറാവണം. പോലിസിന്റെ നിസ്സംഗത അവസാനിപ്പിക്കാനും രാത്രി സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നാളെ കണ്ണൂര്‍ നഗരത്തില്‍ നൈറ്റ് വാക്ക് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 7.30ന് സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് നൈറ്റ് വാക്ക് ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News