പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; 63,000 രൂപയുടെ സ്വര്‍ണ്ണവും പണവും കവര്‍ന്നു

Update: 2026-04-05 08:34 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 63000 രൂപയുടെ സ്വര്‍ണ്ണവും പണവും കവര്‍ന്നു. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം. എഫ്.സി.ഐ ഗോഡൗണിന് സമീപം മണക്കാടിയിലെ മനോജ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കം നോക്കിയായിരുന്നു കവര്‍ച്ച. സ്വര്‍ണ്ണാഭരണങ്ങളും പണവും ഉള്‍പ്പെടെ 63,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ഇന്നലെ രാവിലെ മനോജും ഭാര്യ സുജാതയും ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനത്തിനായി വീട് പൂട്ടി പോയിരുന്നു. മക്കള്‍ ബന്ധുവീട്ടിലുമായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്.

ഇന്ന് രാവിലെ ആറരയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ ലോക്ക് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ജോഡി സ്വര്‍ണ്ണ കമ്മലുകളും ഡ്രസ്സിങ് റൂമിലെ ഷെല്‍ഫിലുണ്ടായിരുന്ന 13,000 രൂപയും മോഷണം പോയതായി കണ്ടെത്തി.

പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.