പ്രവാചകനെ നിന്ദിച്ച് വര്‍ഗീയത പ്രസംഗിച്ച ഫാദര്‍ ആന്റണിയെ തുറുങ്കിലടയ്ക്കുക: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-01-26 06:36 GMT

കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന വിവാദപ്രസംഗം നടത്തുകയും ചെയ്ത ഇരിട്ടി മണിക്കടവ് വികാരി ഫാദര്‍ ആന്റണിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെന്റ് തോമസ് ചര്‍ച്ചിലെ തിരുനാളിന്റെ ഭാഗമായി നടത്തിയ പ്രഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ നിറഞ്ഞതും, വസ്തുതാവിരുദ്ധവുമാണ്. ഇത്തരം പ്രസ്താവനകള്‍ കേരളത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.

സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞ് വരുന്ന മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളെ ഹലാല്‍ വിവാദം, ലൗ ജിഹാദ് തുടങ്ങിയ വസ്തുതാ വിരുദ്ധവും, ആര്‍എസ്എസ് പ്രേരിതവുമായ ഹിന്ദുത്വഭാഷയിലുള്ള വര്‍ഗീയപ്രസ്താവനയിലൂടെ തമ്മിലടിപ്പിച്ച് കേരളത്തെ കലാപകലുഷിതമാക്കാനാണ് ഫാദര്‍ ആന്റണി ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ സാമുദായിക അന്തരീക്ഷത്തിന് മാരകമായ മുറിവേല്‍പ്പിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരേ മുസ്‌ലിം, ക്രൈസ്തവ പുരോഹിതന്മാരും നേതാക്കളും രംഗത്തുവന്നിട്ടും സര്‍ക്കാര്‍ സമയോചിതമായി മാതൃകാപരമായ നിയമനടപടി സ്വീകരിക്കാത്തതിന്റെ പ്രത്യാഘാതമാണ് ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്താന്‍ പുരോഹിതന്‍മാര്‍ക്ക് പ്രചോദനമാവുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

രാജ്യത്തെ മുസ്‌ലിം, ക്രൈസ്തവ മത ന്യൂനപക്ഷങ്ങളെ ആക്രമിച്ചും ആരാധനാലയങ്ങള്‍ തകര്‍ത്തും വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്ന സംഘപരിവാര ദുശ്ശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കേണ്ടതിന് പകരം ക്രൈസ്തവ പാതിരിമാര്‍ ആര്‍എസ്എസ് ഭാഷയില്‍ മുസ്‌ലിംകളോട് സംസാരിക്കുന്നതും വെറുപ്പ് വളര്‍ത്താന്‍ ശ്രമിക്കുന്നതും അത്യന്തം അപലപനീയമാണെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ടി മൊയ്തു ദാരിമി അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ മമ്പഈ, അന്‍സാരി ഖാസിമി, സഅദ് റിസ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: