കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി; വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ച നിലയില്‍
കണ്ണൂര്‍: വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാര്‍ജറും ഒരു ഇയര്‍ഫോണും പിടികൂടിയത്. വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാര്‍ജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുമ്പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സ്മാര്‍ഫോണ്‍ പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചതായി അവകാശപ്പെടുന്നതിനിടെയാണ് മൊബൈല്‍ഫോണുകള്‍ പിടിച്ചെടുക്കുന്നത്.
ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം, മൊബൈല്‍ ചാര്‍ജര്‍ അടക്കം തടവുകാര്‍ എങ്ങനെയാണ് ജയിലിനുള്ളില്‍ ഉപയോഗിക്കുന്നതെന്നതും ചോദ്യം ഉയരുന്നുണ്ട്.