കണ്ണപുരം സ്‌ഫോടനക്കേസ്; മുഖ്യപ്രതി പിടിയില്‍

Update: 2025-08-30 16:34 GMT

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി പിടിയില്‍. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്ക് ആണ് പിടിയിലായത്. കാഞ്ഞങ്ങാട് നിന്നാണ് ഇയാള്‍ പിടിയിലായത്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയാണ്.

അത്യുഗ്ര സ്‌ഫോടനമാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയില്‍ സംഭവിച്ചത് . വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടില്‍ പടക്ക നിര്‍മ്മാണമായിരുന്നു എന്ന് പോലിസ് കണ്ടെത്തി. മണിക്കൂറുകള്‍ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.

അലവില്‍ വീണ വിഹാറില്‍ അനൂപ്കുമാര്‍ എന്ന അനൂപ് മാലിക് മുന്‍പും സമാനകേസുകളില്‍ പ്രതിയായിരുന്നു. സ്‌ഫോടനത്തില്‍ സ്വന്തം തറവാട് വീട് വരെ തകര്‍ന്നതിനുശേഷം വീടുകള്‍ വാടകയ്‌ക്കെടുത്ത് അതേ പണി തുടര്‍ന്ന അനൂപ് കുമാര്‍ തിരിച്ചറിയാതിരിക്കാനാണ് അനൂപ് മാലിക് എന്നു പേരുമാറ്റിയത്.