റോഡ് വികസനം: ഇരിട്ടിയില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

Update: 2019-04-30 10:15 GMT
കണ്ണൂര്‍: ഇരിട്ടി നഗരത്തില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്നായിരുന്നു പൊളിച്ചുനീക്കല്‍. നാലു കെട്ടിടങ്ങള്‍ രണ്ടാഴ്ച മുമ്പ് പൊളിച്ചുനീക്കിയിരുന്നു. ഇന്നലെ ഏഴ് കെട്ടിടങ്ങളുടെ മുന്‍വശത്തെ കോണ്‍ക്രീറ്റ് കൈയേറ്റങ്ങളും പൊളിച്ചുനീക്കി. ബാക്കിവരുന്ന 11 കെട്ടിടങ്ങളുടെ കൈയേറ്റം കൂടി ഒഴിപ്പിച്ചാല്‍ ടൗണ്‍ വികസനം സാധ്യമാകുമെന്ന് റവന്യു അധികൃതര്‍ പറഞ്ഞു. കെട്ടിട ഉടമകളുടെ കൈയേറ്റം കാരണം കാലങ്ങളായി തലശ്ശേരി-വളവുപാറ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കൈയേറ്റം പൊളിക്കാന്‍ പലതവണ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കെട്ടിട ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങുകയായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം സ്‌റ്റേ ഹൈക്കോടതി നീക്കിയതിനെത്തുടര്‍ന്നാണ് നടപടി. അഡീഷനല്‍ തഹസില്‍ദാര്‍ സിപി മേരി, ജൂനിയര്‍ സൂപ്രണ്ട് പിസി സാബു, റവന്യു ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ഇ ദീപേഷ്, സി ജയപ്രസാദ്, കെ രാജേഷ്, എ ശിവദാസ്, ഇരിട്ടി സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസും ഫയര്‍ഫോഴ്‌സുമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്.