ഹിജാബ് വിഷയത്തില്‍ മതവര്‍ഗീയ ശക്തികള്‍ക്ക് ഹിഡന്‍ അജണ്ട: സുഹറ മമ്പാട്

Update: 2022-02-25 13:09 GMT

കണ്ണൂര്‍: ഹിജാബ് വിഷയത്തില്‍ രാജ്യത്ത് മതവര്‍ഗീയ ശക്തികള്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നും ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഷം കുത്തിവച്ച് അശാന്തിയുണ്ടാക്കി വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. കണ്ണൂര്‍ കാല്‍ടെക്‌സ് കെഎസ്ആര്‍ടിസി പരിസരത്ത് ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശധ്വംസനത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരേ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു അധ്യക്ഷത വഹിച്ചു.

എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും വസ്ത്രധാരണവും അനുസരിച്ച് ജീവിക്കാമെന്ന് ഭരണഘടന ഉറപ്പുനല്‍കിയ മഹത്തായ പാരമ്പര്യമുള്ള മതേതര ജനാധിപത്യ രാജ്യത്താണ് നാം അധിവസിക്കുന്നത്. ഈ രാജ്യത്തിന് മഹത്തായ ഒരു പൈതൃകമുണ്ട്. അത് ഒരുവിധത്തിലും നശിപ്പിക്കാന്‍ അനുവദിക്കില്ല. ഫെമിനിസവും സ്ത്രീ സ്വാതന്ത്ര്യവും ഉയര്‍ത്തിക്കാട്ടി മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞുനടക്കുന്നവരോട് പറയാനുള്ളത്, അങ്ങനെയുള്ള വസ്ത്രം ധരിക്കുന്ന ഞങ്ങള്‍ക്കിതില്‍ പ്രയാസമില്ല എന്നാണ്.

ഞങ്ങളീ വേഷത്തില്‍ പൂര്‍ണതൃപ്തരാണ്. ഞങ്ങള്‍ക്കില്ലാത്ത പ്രയാസം നിങ്ങള്‍ക്കെന്തിനാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വനിതാ ലീഗ് ഭാരവാഹികളായ റോഷ്‌നി ഖാലിദ്, പി സഫിയ, സറീന ഹസീബ്, ബ്രസീലിയ ശംസുദ്ദീന്‍, മറിയം ടീച്ചര്‍, ജില്ലാ പ്രസിഡന്റ് സി സീനത്ത്, ജനറല്‍ സെക്രട്ടറി പി സാജിതാ ടീച്ചര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, ജില്ലാ ഭാരവാഹികളായ സക്കീന തെക്കയില്‍, ഷമീമജമാല്‍, റൈഹാനത്ത് സുബി, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഷമീമ ടീച്ചര്‍ സംസാരിച്ചു.

Tags:    

Similar News