നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്രചാരണം; ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരേ പോലിസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

Update: 2022-04-24 17:22 GMT

കണ്ണൂര്‍: സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരേ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരേ പോലിസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Full View

ലഹരി, ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായി ഡിവൈഎഫ്‌ഐ കാംപയിന്‍ സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍ സംഘടനയ്ക്കും നേതാക്കള്‍ക്കും നേരേ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മനു തോമസിനെതിരേ കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്തായ മനു തോമസിനെ പോലുള്ളവരാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നത്. മനു തോമസിന്റെ കോള്‍ ലിസ്റ്റ് തപ്പിയാല്‍ മനസ്സിലാകേണ്ടവര്‍ക്ക് കാര്യം മനസ്സിലാവുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒരു ചാനലിലെ മാധ്യമപ്രവര്‍ത്തകനെ പേരെടുത്ത് വിമര്‍ശിക്കുന്ന കമന്റുകളും പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ പ്രവര്‍ത്തകനുമാണ് ആകാശ് തില്ലങ്കേരി.

Tags:    

Similar News