സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി റിയാസ്

സിറ്റി റോഡ്, തെക്കി ബസാര്‍ ഫ്‌ളൈ ഓവര്‍, മേലെ ചൊവ്വ അണ്ടര്‍ പാസ് എന്നിവയുടെ പ്രവൃത്തി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Update: 2022-01-30 15:08 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റോഡ്, തെക്കി ബസാര്‍ ഫ്‌ളൈ ഓവര്‍, മേലെ ചൊവ്വ അണ്ടര്‍ പാസ് എന്നിവയുടെ പ്രവൃത്തി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ നഗരത്തിലെ അഴിയാക്കുരുക്ക് പരിഹരിക്കുക എന്നത് നാടിന്റെ പ്രധാന ആവശ്യമാണ്. പദ്ധതികള്‍ക്ക് ചില കേന്ദ്രങ്ങളില്‍നിന്ന് തടസ്സങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ എന്ത് വില കൊടുത്തും മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പാക്കും. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലെപോലെ കണ്ണൂരിലും വികസനം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍ മുഖ്യമത്രി നേരിട്ട് പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. നിലവിലുള്ള തടസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ട ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അണ്ടര്‍ പാസ്, ഫ്‌ലൈ ഓവര്‍ എന്നിവയുടെ ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. മൂന്നു പദ്ധതികളുടെയും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. മൂന്നു പദ്ധതികള്‍ക്കുമായി പ്രത്യേക ലെയ്‌സണ്‍ ഓഫീസിമാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് സെക്രട്ടറി അനന്ദ്‌സിംഗ്, ജോയിന്റ് സെക്രട്ടറി എസ് സാബശിവറാവു, സലൃമഹമ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം ഡി എസ് സുഹാസ്, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, എംഎല്‍എമാരായ കെ വി സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News