ആയിക്കര മല്‍സ്യമാര്‍ക്കറ്റ് തുറക്കും; നിയന്ത്രണം ലംഘിച്ചാല്‍ അടച്ചിടും

Update: 2020-06-14 14:14 GMT

കണ്ണൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കും. എല്ലാ ദിവസവും അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മല്‍സ്യവുമായെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുയായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

    മല്‍സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മല്‍സ്യം വില്‍ക്കുന്ന സ്ഥലം എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഒരേസമയം 50 ആളുകളില്‍ കൂടുതല്‍ പേര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്. മാര്‍ക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി പ്രത്യേക വഴി ഏര്‍പ്പെടുത്തുകയും എന്‍ട്രി, എക്‌സിറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. മാര്‍ക്കറ്റിലെത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.




Tags:    

Similar News