പന്നികളെ ബാധിക്കുന്ന ആഫ്രിക്കന്‍ പന്നിപ്പനി: കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രോഗലക്ഷണമോ മരണമോ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

Update: 2022-07-20 12:25 GMT

കണ്ണൂര്‍: പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ രോഗലക്ഷണമോ മരണമോ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി പന്നിഫാം ഉടമസ്ഥര്‍ക്ക് ബോധവത്കരണം നല്‍കും. രോഗപ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗബാധ തടയാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമായതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇതിനായി ബയോസെക്യൂരിറ്റി നടപടികള്‍ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പുറത്ത് നിന്ന് പന്നികളെയും പന്നിയിറച്ചിയും വാങ്ങുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവെപ്പും ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാര്‍ഗം. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 22ന് രാവിലെ 10.30ന് ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കില്‍ ബോധവല്‍കരണ ക്ലാസ് നടക്കും.

Tags:    

Similar News