കണ്ണൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

Update: 2023-12-19 05:49 GMT

ഇരിക്കൂര്‍ (കണ്ണൂര്‍); പെരുവളത്ത്പറമ്പ്-മയ്യില്‍ റോഡില്‍ ചൂളിയാട് കടവ് ജുമാ മസ്ജിദിനു സമീപം ടിപ്പര്‍ ലോറിയിടിച്ച് ചൂളിയാട് കടവിലെ തായലെപുരയില്‍ ഷംസുദ്ദീന്റെയും ഷബാനയുടെയും മകന്‍ മയ്യില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ത്വാഹ (6) മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ത്വാഹയും സഹോദരന്‍ എല്‍കെജി വിദ്യാര്‍ഥി മുഹമ്മദ് ഷാനും മാതാവിനൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു. എതിര്‍വശത്തുള്ള ഉപ്പാപ്പയുടെ കടയിലേക്ക് പോകുന്നതിനായി ത്വാഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തലയിലൂടെ മുന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങിയ ശേഷം കുട്ടിയെയും വലിച്ച് ലോറി 5 മീറ്ററോളം മുന്നോട്ടു പോയി. ത്വാഹ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മയ്യില്‍ പോലിസ് സ്ഥലത്തെത്താന്‍ വൈകിയെന്നും കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാതെ ഡ്രൈവറെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ചും നാട്ടുകാരും പോലിസുമായി ഒരു മണിക്കൂറോളം വാക്കേറ്റമുണ്ടായി. ലോറിയുടെ മുന്‍ ഭാഗത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മയ്യില്‍ എസ്എച്ച്ഒ ടി.പി.സുമേഷ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ലോറി മാറ്റാന്‍ അനുവദിച്ചത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്ന് ചൂളിയാട് കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ത്വാഹയുടെ മറ്റ് സഹോദരങ്ങള്‍: ഷസ്‌ന, സ്വാലിഹ് (ഇരുവരും വിദ്യാര്‍ഥികള്‍).