ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം

Update: 2024-05-09 14:02 GMT
കുട്ടിക്കാനം: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്. ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.