ആലുവ: കുഞ്ഞുണ്ണിക്കരയില്‍ വഖ്്ഫ് വിരുദ്ധ നിയമത്തിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന് നേരെ നടന്ന അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി വഖ്ഫ്-മദ്‌റസ സംരക്ഷണ സമിതി എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വൈകിട്ട് കുഞ്ഞുണ്ണിക്കര -ഉളിയന്നൂര്‍ മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞുണ്ണിക്കരയില്‍ നടന്ന പ്രതിഷേധ സംഗമത്തിനിടയില്‍ ഒരു കൂട്ടം സി പി എം ഗുണ്ടകളാണ് അക്രമം നടത്തിയത്. പ്രസംഗം നടക്കുന്നതിനിടെ അതിക്രമിച്ചെത്തിയ സംഘം സ്റ്റേജും മൈക്കും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും മുഖ്യപ്രാസംഗികനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
രാജ്യത്ത് മുസ്‌ലിം സാംസ്‌കാരിക അസ്തിത്വം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന വഖ്ഫ് വിരുദ്ധമടക്കമുള്ള നീക്കങ്ങള്‍ക്കെതിരേ രാഷ്ട്രീയ-മത സംഘടനാ ഭേദമില്ലാതെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടികളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുമ്പോള്‍, ബി.ജെ.പിയെ സഹായിക്കുന്ന തരത്തിലേക്കാണ് സംഘടനാ സങ്കുചിതത്വം കൊണ്ട് മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ വഴിമാറുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് മാഞ്ഞാലി സുലൈമാന്‍ മൗലവിയുടെ പേരിലുള്ള പ്രസ്താവനയില്‍ സമിതി കുറ്റപ്പെടുത്തി.
