തൃപ്പൂണിത്തുറ സ്‌ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്; വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടിയില്ല

Update: 2024-02-12 14:10 GMT
കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തു. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ഹില്‍പാലസ് പോലിസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവ കമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ന് രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 16 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസ് വ്യക്തമാക്കിയിരുന്നു. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നല്‍കുകയെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.


എന്നാല്‍ അത്തരത്തില്‍ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. ഇന്നലെയും ക്ഷേത്രത്തില്‍ വെടിക്കെട്ടുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പടക്കം കൊണ്ടുവന്ന ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകള്‍ക്ക് വലിയ കേടുപാടുകളുണ്ടായി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടു .



തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു. വാഹനത്തില്‍ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.






Tags: