ആലുവയില്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ നിന്നു തെറിച്ച് വീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Update: 2025-01-13 14:50 GMT

ആലുവ: ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് ആലുവയില്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ബസ് ജീവനക്കാരന്റെ ലൈസന്‍സ് റദ്ദാക്കി. ബസിലെ ഡ്രൈവര്‍ സഹദിന്റെ ലൈസന്‍സാണ് രണ്ട് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതെന്ന് ജോ. ആര്‍.ടി.ഒ കെ.എസ്. ബിനീഷ് അറിയിച്ചു.

ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയുമായ നയനക്കാണ് പരിക്കേറ്റത്. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് വേഗത്തില്‍ തിരിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചു വീണത്. കിസ്മത്ത് എന്ന ബസാണ് അപകടം വരുത്തിയത്.

ബസിന്റെ വാതില്‍ ശരിയായ വിധത്തില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്ത പരാതിയുണ്ട്.