കൊച്ചി മെട്രോ തൂണിന് ചരിവ്; രണ്ടുദിവസം സാങ്കേതിക പരിശോധന

Update: 2022-02-19 08:52 GMT

കൊച്ചി: കളമശ്ശേരി പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപത്തെ മെട്രോ തൂണിന് ചരിവുണ്ടായതിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്നും ഞായറാഴ്ചയുമായി സാങ്കേതിക പരിശോധന നടക്കും. പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് സമീപമുള്ള 347ാം നമ്പര്‍ തൂണിന്റെ അടിത്തറയില്‍ ചെറിയ തോതില്‍ വ്യതിയാനം വന്നിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ട്രാക്കിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടായിട്ടുണ്ട്. മണ്ണിന്റെ ഘടനയും മറ്റും കണ്ടെത്തുന്നതിനായി ജിയോ ഫിസിക്കല്‍, ജിയോ ടെക്‌നിക്കല്‍ പരിശോധനകളാണ് നടത്തുന്നത്.

കെഎംആര്‍എല്ലിന്റെയും മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തുന്നത്. തൂണിനോ പൈലുകള്‍ക്കോ ബലക്ഷയമുണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. മണ്ണ് മാറ്റാതെ ആധുനിക ഉപകരണം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. മെട്രോ റെയില്‍ നിര്‍മാണ കരാറുകാരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി)യും വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്.

പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം, തൂണിന്റെ ചരിവ് എന്നീ സാധ്യതകളാണ് പാളത്തിലെ ചരിവിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ച കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ചരിവല്ല കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. കെഎംആര്‍എല്‍ ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയ ട്രാക്ക് പരിശോധനയിലാണ് പ്രദേശത്തെ തകരാര്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രെയിനിന്റെ വേഗത കുറച്ചിട്ടുണ്ട്. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നുമാണ് മെട്രോ അധികൃതരുടെ നിലപാട്.

Tags:    

Similar News