അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ 11 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

Update: 2025-09-09 16:42 GMT

അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാര്‍ 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും മേഖലയിലെ തൊഴിലാളികളുടെ കൂലി വര്‍ധന നടപ്പാക്കിയിട്ടില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ പി ജെ വര്‍ഗീസ്, കെ പി പോളി, എം എസ് ദിലീപ്, പി ജെ ജോയി, മാത്യു തോമസ്, പോളി കളപ്പറമ്പന്‍ പി ടി ഡേവിസ്, പി ആര്‍ സജിര്‍, സി എ സാബു, എ വി സുധീഷ് പി എസ് ഷിജു എന്നിവര്‍ അറിയിച്ചു. സേവന, വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫിസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 

കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ സംഘടനകള്‍ക്ക് മാര്‍ച്ച് 21ന് ഡിമാന്‍ഡ് നോട്ടിസ് നല്‍കിയിരുന്നു. പുതുക്കിയ കരാര്‍ വയ്ക്കാമെന്ന വാഗ്ദാനം നടപ്പാകാതെ വന്നതോടെ കഴിഞ്ഞ മാസം 18ന് തൊഴിലാളികള്‍ സൂചനാപണിമുടക്ക് നടത്തി. വ്യവസായം നിലനിര്‍ത്താന്‍ ബസ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്ല രീതിയില്‍ സഹായം നല്‍കുന്നുണ്ടെന്നു യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു യാത്രക്കാരന് മിനിമം ചാര്‍ജുകൊണ്ട് 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ മിനിമം ചാര്‍ജില്‍ 2.5 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.

ത്രൈമാസ നികുതികളില്‍ 2 പ്രാവശ്യം 20% കുറവു നല്‍കി. കോവിഡ് കാലത്തെ ക്ഷേമനിധിവിഹിതം വേണ്ടെന്നു വച്ചു. ഇത്രയധികം സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തപ്പോള്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് ഉടമകള്‍ സ്വീകരിക്കുന്നതെന്നു തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു.

ബസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജ്‌സ് ആക്ട് പ്രകാരമുള്ള ശമ്പളം നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ മോട്ടര്‍ തൊഴിലാളി ക്ഷേമബോര്‍ഡില്‍ ഉടമകളും ഉടമകള്‍ പറയുന്ന ആളുകളെയും ചേര്‍ക്കുന്നത് മൂലം യഥാര്‍ഥ തൊഴിലാളികള്‍ ക്ഷേമനിധിക്കു പുറത്താകുന്നുണ്ട്. ബസില്‍ 4 തൊഴിലാളികള്‍ ഉണ്ടാകേണ്ട സ്ഥാനത്ത് 2 തൊഴിലാളികളെ മാത്രം വയ്ക്കുന്നതിലൂടെയും ഉടമകള്‍ക്ക് വരുമാനനേട്ടമുണ്ടെന്നു തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു.