കലൂരിലെ റസ്റ്ററന്റില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഒരു മരണം; നാല് പേര്‍ക്ക് പരിക്ക്
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റില്‍ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള സമയത്തായിരുന്നു അപകടം. സ്റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തിലായിരുന്നു സ്‌ഫോടനം. ഇതിനടുത്തുനിന്നു ജോലി ചെയ്തിരുന്നവരാണു പരിക്കേറ്റവര്‍.
ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ ചേര്‍ന്ന് ഇവരെ ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2 സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമായാണു പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകാതെ ജീവനക്കാരിലൊരാള്‍ മരിച്ചു. ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുമിത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.