പറവൂര്‍ സമൂഹം സ്‌കൂള്‍ ഗ്രൗണ്ടിലെ മരം മുറി:മാനേജ്‌മെന്റിന്റേത് വികലമായ വികസന കാഴ്ചപ്പാട് : എസ് ഡി പി ഐ

വിശാലവും പ്രകൃതി രമണീയവുമായ കളിസ്ഥലം നിലവിലുള്ളപ്പോഴും ഒന്നോ രണ്ടോ പുതിയ കോര്‍ട്ടുകള്‍ പണിയുന്നതിനായി സ്‌കൂള്‍ കോംപൗണ്ടിലെ മുക്കും മൂലയിലടക്കം നില്‍ക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെറുതും വലുതുമായ മുഴുവന്‍ മരങ്ങളും യാതൊരു തത്വദീക്ഷയുമില്ലാതെ മുറിച്ചുകളഞ്ഞിരിക്കുകയാണെന്ന് എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്

Update: 2022-02-15 11:33 GMT

നോര്‍ത്ത് പറവൂര്‍: വികസനത്തിന്റെ പേരു പറഞ്ഞ് പറവൂര്‍ സമൂഹം സ്‌കൂള്‍ കോംപൗണ്ടിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള മരങ്ങള്‍ മുഴുവന്‍ മുറിച്ചു മാറ്റിയത് മാനേജ്‌മെന്റിന്റെ വികലമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണെന്ന് എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്.

വിശാലവും പ്രകൃതി രമണീയവുമായ കളിസ്ഥലം നിലവിലുള്ളപ്പോഴും ഒന്നോ രണ്ടോ പുതിയ കോര്‍ട്ടുകള്‍ പണിയുന്നതിനായി സ്‌കൂള്‍ കോംപൗണ്ടിലെ മുക്കും മൂലയിലടക്കം നില്‍ക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെറുതും വലുതുമായ മുഴുവന്‍ മരങ്ങളും യാതൊരു തത്വദീക്ഷയുമില്ലാതെ മുറിച്ചുകളഞ്ഞിരിക്കുകയാണ്. വികസനത്തിനപ്പുറം മരംമുറിയിലും പുതിയ നിര്‍മ്മാണ കരാറിലും ആരുടെയൊക്കെയോ  ബിസിനസ് താല്പര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ മാനേജ്‌മെന്റും അധ്യാപകരും വരും തലമുറക്ക് മാതൃകയാവേണ്ടതിനു പകരം തികച്ചും പരിസ്ഥിതി വിരുദ്ധ നിലപാടു സ്വീകരിക്കുന്നത് അത്യന്തം അപലപനീയമാണ്.പ്രശസ്തരായ പലരെയും പറവൂരിനു സംഭാവന നല്‍കിയ മഹത്തായ ഈ വിദ്യാലയം അതിന്റെ സല്‍പ്പേരിനു കോട്ടം തട്ടുന്ന ഇത്തരം നിലപാടുകള്‍ തിരുത്തി പരിസ്ഥിതി സൗഹാര്‍ദ്ദ പരിസരം സൃഷ്ടിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: