ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം ചട്ടം ലംഘിച്ചെന്ന് ; കെജിഎംഒഎ സമരത്തിന്

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ തെറ്റായ നടപടി തിരുത്താത്തപഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. എ ബി വിന്‍സെന്റ്, സെക്രട്ടറി ഡോ.ടി സുധാകര്‍, ഖജാന്‍ജി ഡോ.എസ് രമ്യ എന്നിവര്‍ പറഞ്ഞു

Update: 2022-07-28 06:02 GMT

കൊച്ചി : വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ രണ്ട് ഡോക്ടര്‍മാരെ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധവുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ (കെജിഎംഒഎ). അകാരണമായിട്ടാണ് ഇവരെ സ്ഥലം മാറ്റിയതെന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ തെറ്റായ നടപടി തിരുത്താത്തപഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. എ ബി വിന്‍സെന്റ്, സെക്രട്ടറി ഡോ.ടി സുധാകര്‍, ഖജാന്‍ജി ഡോ.എസ് രമ്യ എന്നിവര്‍ പറഞ്ഞു.

മറ്റൊരു ആശുപത്രിയില്‍ നിന്നും ശിക്ഷാനടപടിക്ക് വിധേയരായി വടവുകോട് ആശുപത്രിയില്‍ എത്തപ്പെട്ട ഓഫീസ് ജീവനക്കാരുടെ കെടുകാര്യസ്ഥതയും, ധന ദുര്‍വിനയവും ഭരണ പരമായ തടസങ്ങള്‍ ഉണ്ടാക്കുന്നതും സമയാ സമയങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിച്ച ഡോക്ടര്‍മാരെ അവഹേളിക്കുന്ന നടപടിയാണ് ഡിഎംഒ സ്വീകരിച്ചതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ഇപ്പോള്‍ ആലപ്പുഴയ്ക്ക് മാറ്റപ്പെട്ട ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ, ഡോക്ടര്‍മാരുടെ ഭാഗം കേള്‍ക്കുകയോ ചെയ്യാതെ, എല്ലാ വിധ സര്‍വ്വീസ് ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണപരമായ കാരണം എന്ന് മാത്രം കാണിച്ച് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ പ്രീണനത്തിനായി നഗ്നമായ അധികാര ദുര്‍വിനയോഗമാണ് ഡിഎംഒ നടത്തിയിരിക്കുന്നതെന്നും അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

Tags: