ചേന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയ്ക്ക് കുത്തേറ്റു

Update: 2025-11-29 08:32 GMT

എറണാകുളം: ചേന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. ചേന്ദമംഗലം പഞ്ചായത്ത് അംഗവും തദ്ദേശ തിരഞ്ഞെടുപ്പില്‍ 10-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഫസല്‍ റഹ്‌മാനാണ് കുത്തേറ്റത്. പ്രതിയായ വടക്കേക്കര സ്വദേശി മനോജ് വലിയപുരയ്ക്കലിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ചേന്ദമംഗലം പഞ്ചായത്തിലായിരുന്നു സംഭവം.

ഇരുവരും തമ്മില്‍ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ എത്തിയ ഫസലിനെ പിന്തുടര്‍ന്നെത്തിയ മനോജ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഫസലിന്റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസല്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസല്‍.