ഇബ്രാഹിം ഹാജി സാമുദായിക നന്‍മയ്ക്ക് വേണ്ടി ത്യാഗം ചെയ്ത ഉദാരമനസ്‌കന്‍: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2021-12-21 11:26 GMT

കൊച്ചി: കാസര്‍കോട് പള്ളിക്കര ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. സാമുദായിക നന്‍മയ്ക്കും സാമൂഹിക നവോത്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഉദാരമനസ്‌കനും ആലംബഹീനരായ പരശ്ശതം ജീവിതങ്ങള്‍ക്ക് സഹായത്തിന്റെ ആശാകേന്ദ്രവുമായിരുന്നു ഇബ്രാഹിം ഹാജിയെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യത്തും വിദേശത്തും വിപുലമായ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം ഭരണ സാമൂഹികരംഗത്തെ പ്രമുഖരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചു.

പ്രതിസന്ധികളില്‍ തളര്‍ന്നുപോയ അനേകം ജീവിതങ്ങള്‍ക്കാണ് ആ മഹനീയ സാന്നിധ്യം പുതുജീവന്‍ സമ്മാനിച്ചത്. പ്രതീക്ഷകള്‍ നിലച്ചുപോയ ആരും ഉദാരതയുടെ ആ കവാടത്തില്‍നിന്നും നിരാശയോടെ തിരിച്ചുപോയിട്ടില്ല. ദാഇയെ മില്ലത്ത് മര്‍ഹൂം മൂസാ മൗലാനയുമായുള്ള ബന്ധം തബ്‌ലീഗിന്റെ പരിശ്രമ വീഥിയില്‍ അദ്ദേഹത്തെ നിസ്വാര്‍ഥസേവകനാക്കി.

ധാരാളം പണ്ഡിതരെ കൈരളിക്ക് സമ്മാനിച്ച മഞ്ചേരി നജ്മുല്‍ ഹുദാ അറബിക്കോളജിന്റെ സ്ഥാപകനായ അദ്ദേഹം, എണ്ണമറ്റ മദ്‌റസകളുടെയും മസ്ജിദുകളുടെയും നിര്‍മാണം ഏറ്റെടുത്ത ദീനീസ്‌നേഹിയാണെന്നും ഉലമാ കൗണ്‍സില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് മുഫ്തി ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി ചിലവ്, വര്‍ക്കിങ് പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി അല്‍കൗസരി, ജനറല്‍ സെക്രട്ടറി അബ്ദുറഹിം മൗലവി അല്‍ കൗസരി പത്തനാപുരം യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News