മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്‌കിനായി കോസ്റ്റ് ഗാര്‍ഡ് ഇന്നും പരിശോധന നടത്തും

Update: 2021-11-24 01:45 GMT

കൊച്ചി: എറണാകുളത്ത് മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഹാര്‍ഡ് ഡിസ്‌കിനായി കോസ്റ്റ് ഗാര്‍ഡ് ഇന്നും പരിശോധന നടത്തും. പോലിസിന്റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിന് സമീപത്തെ കായലിലാണ് കോസ്റ്റുഗാര്‍ഡ് തിരച്ചില്‍ നടത്തുന്നത്. ഹാര്‍ഡ് ഡിസ്‌ക് അധികം ദൂരേയ്ക്ക് ഒഴുകിപ്പോവാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ വിദേശത്തേക്ക് പോയിട്ടുണ്ട്. ഇവരുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്തും. വാഹനാപകടത്തില്‍ പ്രാഥമികമായി വലിയ ദുരൂഹതകള്‍ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിര്‍ണായകമായത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പായത്. മോഡലുകളുടെ കാര്‍ ഓടിച്ചിരുന്ന അബ്ദുര്‍റഹ്മാനെ വീണ്ടും ചോദ്യം ചെയ്യും.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും കമ്മീഷണര്‍ പറഞ്ഞു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. അപകടം നടന്ന അന്ന് പുലര്‍ച്ചെയാണ് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത്. മൂന്നും നാലും പ്രതികളായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചത്. നമ്പര്‍ 18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറാണിത്. കാര്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലിസ് പരിശോധിക്കുകയാണ്.

Tags: