അങ്കമാലിയിലെ കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Update: 2025-11-05 17:02 GMT

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ആന്റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ അടുത്ത് അമ്മൂമ്മ കിടന്നിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവം.