അന്തരിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണ പരിപാടികള്‍ മെയ് 14 മുതല്‍

14ന് രാവിലെ 'ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍' പരിപാടി എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ മുന്‍ ജഡ്ജിയും കേരള ജൂഡിഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന കെ സത്യന്‍ മുഖ്യാതിഥിയാകും

Update: 2022-05-11 11:31 GMT

കൊച്ചി: കൊവിഡ് ബാധയെത്തുടര്‍ന്നു അന്തരിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ അനുസ്മരണാര്‍ഥം 'കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2' എന്ന പേരില്‍ മെയ് 14 മുതല്‍ ജൂണ്‍ രണ്ടു വരെ വിവിധ പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 14ന് രാവിലെ 'ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍' പരിപാടി എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ മുന്‍ ജഡ്ജിയും കേരള ജൂഡിഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന കെ സത്യന്‍ മുഖ്യാതിഥിയാകും.

ജൂണ്‍ രണ്ടിന് പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ചലച്ചിത്ര താരം സിദ്ധിക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവര്‍ക്കായി പ്രയത്‌നിക്കുകയും ചെയ്തിരുന്ന ബാദുഷയുടെ ഓര്‍മ്മയ്ക്കായി അത്തരം കുരുന്നുകള്‍ക്കായുള്ള പ്രത്യേക പരിപാടി മെയ് 14 ശനിയാഴ്ച പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തില്‍ അരങ്ങേറും.

രാവിലെ 9.15 മുതല്‍ 10.45 വരെ 'ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, മറ്റു വൈകല്യങ്ങള്‍' എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, അത്തരം വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലാകാലങ്ങളായി വികാസം പ്രാപിച്ചിരിക്കുന്ന സങ്കേതങ്ങള്‍, ശാരീരിക സംസാര മാനസിക വൈകല്യങ്ങള്‍ അതിജീവിച്ചു ജീവിത വിജയം നേടിയവര്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്ത് കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ കലാകാരന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇരുപതടി നീളമുള്ള വലിയ ക്യാന്‍വാസില്‍ കുരുന്നുകളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഡൂഡില്‍ വിസ്മയം ഒരുക്കും. തുടര്‍ന്ന് കുട്ടികളും കലാകാരന്മാരും കുട്ടികളുടെ പരിശീലകരും ചേര്‍ന്നുള്ള ആശയ വിനിമയവും കുട്ടികളും കലാകാരന്മാരും ഒത്തുചേര്‍ന്നുള്ള കൂട്ട വരയും പരിപാടിയുടെ ഭാഗമായി നടക്കും.

ഇതോടൊപ്പം കുട്ടികള്‍ക്ക് ചിത്രപഠന ക്യാമ്പും വിനോദ പരിപാടികളും മത്സരങ്ങളും അരങ്ങേറും. പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം സമ്മാനവും സര്‍ട്ടിഫിക്കറ്റും താല്‍പര്യമുള്ളവര്‍ക്ക് രേഖാചിത്രം വരച്ചും നല്‍കും. കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷനും ലോറം വെല്‍നസ് കെയറിന്റേയും ലേണ്‍വെയര്‍ കിഡ്‌സിന്റെയും സി എസ് ആര്‍ ഡിവിഷനുകളുടെ സഹകരണത്തോടെയാണ് പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തിലും സമീപത്തുള്ള പാര്‍ക്കിലുമായി പരിപാടി സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാന്‍ താത്പര്യമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 9207070711 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശനം സൗജന്യമാണ്. അനുസ്മരണ പരമ്പരയുടെ തുടര്‍ച്ചയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന കാര്‍ട്ടൂണ്‍ മത്സരം, കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ വര്‍ക്ക്‌ഷോപ്പ്, 'ബാദുഷയെ വരയ്ക്കൂ' പരിപാടികളും ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും ചിത്രരചന കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

Similar News