ഷാന്‍ വധക്കേസ്: കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹരജി തള്ളി

Update: 2024-02-26 08:05 GMT

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് ഷാന്‍ വധക്കേസില്‍ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹരജി കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് അര്‍ഹതയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹരജി നല്‍കിയത്. ഷാന്‍ വധകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുറ്റ കൃത്യം നടന്ന സ്ഥലത്തെ എസ്.എച്ച്.ഒ അല്ലെന്ന് കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഹരജി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത് അംഗീകരിക്കരുത് എന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ജില്ലാ പോലിസ് മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കുറ്റപത്രം സമര്‍പ്പിക്കാം എന്നതായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. വിവിധ കേസുകളും ഉദാഹരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഷാന്‍ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയില്‍ മാര്‍ച്ച് 23 ന് വീണ്ടും വാദം കേള്‍ക്കും. കേസിലെ ആര്‍ എസ് എസ്-ബി ജെപി പ്രവര്‍ത്തകരായ 11 പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്.





Similar News