മുസ് ലിം സമുദായത്തിനെതിരെ സംഘടിത അപവാദ പ്രചരണം: എ എം ആരിഫ് എം പി

'ന്യൂനപക്ഷ ക്ഷേമപദ്ധതി: കോടതി വിധിയും വസ്തുതകളും ' എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്

Update: 2021-06-21 17:25 GMT

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പേരില്‍ മുസ്ലിം സമുദായത്തിന് എതിരായി സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണെന്ന് എ എം ആരിഫ് എംപി.'ന്യൂനപക്ഷ ക്ഷേമപദ്ധതി: കോടതി വിധിയും വസ്തുതകളും 'എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്. അപൂര്‍വ്വം ചില ക്രൈസ്തവ പുരോഹിതര്‍ ഇതില്‍ വീഴുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചില ക്രൈസ്തവ പുരോഹിതര്‍ ചര്‍ച്ച നടത്തുന്ന സ്ഥിതി വരെയുണ്ടായി. ക്രൈസ്തവ പുരോഹിതര്‍ ക്കിടയില്‍ മുസ് ലിം വിരുദ്ധത ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്നും ആരിഫ് എം പി കുറ്റപ്പെടുത്തി.

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം മറ്റു സമുദായങ്ങള്‍ക്ക് കൊടുക്കുകയാണെന്നും മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുകയാണെന്നും മറ്റും വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ലവ് ജിഹാദ് ആരോപണവും ഇതിന്റെ ഭാഗമായി നടക്കുന്നുവെന്നും എ എം ആരിഫ് എംപി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണത്തിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടി എന്‍ അലി അബ്ദുല്ല പറഞ്ഞു.സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി ദുര്‍ബലപ്പെടുത്തിയ സാഹചര്യത്തില്‍ നിയമനിര്‍മാണം മാത്രമാണ് ഇതിനെ മറികടക്കാനുള്ള പോംവഴി.രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് ഇച്ഛാശക്തി കാണിക്കണം. കൊവിഡിനെതിരെ ഭരണ-പ്രതിപക്ഷ സഹകരണം ഉണ്ടായതുപോലെ ഭരണഘടനാപരമായ ഈ വിഷയത്തിലും യോജിച്ച നിലപാട് സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിക്കണം.

ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന കോടതി വിധി വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ കൂടി ഇത് പ്രാാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് ലഭിച്ച സുവര്‍ണ്ണാവസരമാണ്.അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പുകമറ സൃഷ്ടിക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഐഎന്‍എല്‍ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് പറഞ്ഞു. മേയ് 28ന്റെ ഹൈക്കോടതി വിധിയോടെ റദ്ദാക്കപ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വകക്ഷി യോഗത്തില്‍ ക്രിയാത്മകമായ ഒരു നിര്‍ദേശവും വെക്കാതെ വിഷയം സങ്കീര്‍ണമാക്കാന്‍ ശ്രമിക്കുന്നത് സങ്കുചിതരാഷ്ട്രീയലക്ഷ്യം മുന്നില്‍വെച്ചാണെന്നും ബി അന്‍ഷാദ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എച്ച് അബ്ദുന്നാസര്‍ തങ്ങളുടെ അധ്യക്ഷതില്‍ നടന്ന സെമിനാറില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്ല്യാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മോഡറേറ്ററായിരുന്നു.കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം ലിജു, സി പി ഐ ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍ പങ്കെടുത്തു.ജില്ലാ ജനറല്‍ സെക്രട്ടറി എസ് നസീര്‍ സ്വാഗതവും അബ്ദുര്‍റഷീദ് കരുമാടി നന്ദിയും പറഞ്ഞു.

Tags:    

Similar News