ദീനിയാത്ത്; മദ്‌റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

Update: 2024-04-21 15:06 GMT

കായംകുളം : ദീനിയാത്ത് എജ്യുക്കേഷന്‍ ബോര്‍ഡ് 2024 മാര്‍ച്ച് 30,31 തിയ്യതികളിലായി നടത്തിയ അഞ്ച്, ഏഴ്, പത്ത്, ക്ലാസ്സുകളിലെ മദ്‌റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. http://www.deeniyatkerala.com എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ 37 സെന്ററുകളിലായി 100 ലധികം അധ്യാപകരുടെ നിരീക്ഷണത്തിലാണ് പരീക്ഷകള്‍ നടന്നത്. പത്താം തരത്തില്‍ മണക്കാട് ഇഖ്‌റഅ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥിനി അല്‍ഹാന ഫാതിമ്മ 96% മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴാം തരത്തില്‍ 100% മാര്‍ക്കോടെ തലശ്ശേരി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ് യാമിന്‍ ജയും, അഞ്ചാം തരത്തില്‍ 100% മാര്‍ക്കോടെ നീലാറ്റിന്‍ കര, അബൂബക്കര്‍ സിദ്ധീഖ് (റ ) മദ്‌റസ വിദ്യാര്‍ത്ഥിനി സിയ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.

മുഴുവന്‍ ജില്ലകളിലും ഒരേ സമയം തന്നെ നടന്ന പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വിവിധ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എക്‌സാമിനര്‍മാരും മുആവിന്മാരും മൂല്യനിര്‍ണ്ണയം നടത്തുകയുണ്ടായി. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും ദീനിയാത്ത് ഡയറക്ടര്‍, കോ ഡയറക്ടര്‍, സംസ്ഥാന പരീക്ഷ ബോര്‍ഡ് കണ്‍വീനര്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.