തീയറ്ററുടമകളുടെ നിലപാടിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

ഷറഫുദ്ദിനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ കെ സാജന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'നീയും ഞാനും' സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

Update: 2019-01-22 11:08 GMT

കൊച്ചി: തീയറ്ററുടമകളുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സിയാദ് കോക്കര്‍.തിയറ്ററുകളുടെ നിസഹകരണം ചെറിയ ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. പുതുമുഖങ്ങളെവച്ച് ചെറിയ സിനിമകള്‍ നിര്‍മിക്കുവാനൊരുങ്ങുന്നവരുടെ ആത്മവിശ്വാസത്തെ ഇത്തരം നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദേഹം പറഞ്ഞു. ഷറഫുദ്ദിനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ കെ സാജന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'നീയും ഞാനും' സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ആദ്യകാലത്ത് മികച്ച സിനിമകളെ തിയറ്ററുകാര്‍ നന്നായി പ്രോല്‍സാഹിപ്പിച്ചിരുന്നു. ആദ്യ പ്രദര്‍ശനങ്ങളില്‍ വീണുപോകുമായിരുന്ന മികച്ച സിനിമകളെ പിന്നീട് താങ്ങി നിര്‍ത്തിയത് തിയറ്ററുകാരുടെ പിന്തുണയായിരുന്നു. സല്ലാപവും ആകാശദൂതുമൊക്കെയാണ് ഉദാഹരണങ്ങള്‍. ഇന്ന്് പടത്തിന്റെ മൂല്യത്തേക്കാള്‍ തീയറ്ററുകള്‍ പെട്ടിയില്‍ വീഴൂന്ന പണത്തിന് മാത്രമാണ് മൂല്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏറെ നാളുകള്‍ക്ക് ശേഷം നിര്‍മിച്ച സിനിമയാണ് നീയും ഞാനും. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു. ഇന്നത്തെ രാഷ്ട്രിയ സാഹചര്യം സാമൂഹിക വിമര്‍ശനങ്ങളായി അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ .

സംവിധായകനല്ല, സിനിമയാണ് സംസാരിക്കണ്ടതെന്നും എകെ സാജന്‍ പറഞ്ഞു. ചെറിയ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തുന്നില്ലെന്ന് നടന്‍ ഷറഫുദ്ദിന്‍ പറഞ്ഞു. പുതുമുഖ നടന്മാരുടെ സിനിമകള്‍ മികച്ചതാണെങ്കിലും സ്വീകര്യത ലഭിക്കാത്തത് നിരാശനാക്കുന്നതായും ഷറഫുദ്ദിന്‍ പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ ചിത്രമാണ് നീയും ഞാനുമെന്ന് അനുസിത്താര പ്രതികരിച്ചു. അതിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നത് സന്തോഷമുണ്ടാക്കുന്നു. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന രീതിയിലാണ് നീയും ഞാനും ഒരിക്കിയിരിക്കുന്നതെന്നും അനു സിത്താര പറഞ്ഞു. സൈജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.




Tags: