കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

Update: 2023-03-06 04:41 GMT

തൃശൂര്‍: നാടന്‍പാട്ടുകളും നര്‍മവും ചാലിച്ച് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഏഴ് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍നിന്ന് ആരാധകമനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്. തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകള്‍. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും നിരവധി ഭാവങ്ങള്‍.

1971ലെ പുതുവല്‍സര പുലരിയില്‍ രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായി ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്തെത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിന് അപ്രതീക്ഷിതമായാണ് കലാപ്രേമികളുടെ പ്രിയപ്പെട്ട 'മണി നാദം' നിലച്ചത്. മീഥേല്‍ ആല്‍ക്കഹോളിനെച്ചുറ്റിപ്പറ്റി അന്വേഷണമുണ്ടായെങ്കിലും കരള്‍ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

Tags:    

Similar News