മലയാള സിനിമാ പ്രവര്‍ത്തകര്‍ ഹേമ കമ്മീഷന്‍ റിപോര്‍ട്ട് വിശദമായി വായിക്കണം : ജി പി രാമചന്ദ്രന്‍

കഴിഞ്ഞ കാലത്ത് മലയാള സിനിമയില്‍ നിന്ന് പോന്ന വമ്പിച്ച പുരുഷാധികാരത്തെ തുറന്ന് കാണിക്കുന്ന ആ റിപോര്‍ട്ട് വായിക്കേണ്ടതാണ്. നടിയെ തെരുവില്‍ ബലാല്‍സംഗം ചെയ്യാന്‍ ക്വൊട്ടേഷന്‍ കൊടുക്കുന്നവരാണ് മലയാള സിനിമയിലുള്ളവര്‍. ഈ മേഖലയിലെ തൊഴിലാളി വര്‍ഗവും അടിച്ചമര്‍ത്തപ്പെടുന്നവരും സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഗതകുമാരനില്‍ അഭിനയിച്ച പി കെ റോസിയെ പുറത്താക്കിയ കാണിപ്രമാണിത്വത്തോട് യോജിച്ച് കൊണ്ടാണ് മലയാള സിനിമ പിന്നീട് നിലനിന്നത്. അത് കൊണ്ടാണ് ഉറൂബിന്റെ 'രാച്ചിയമ്മ' സിനിമയാകുമ്പോള്‍ കറുത്ത നായികയെ അതരിപ്പിക്കാന്‍ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2020-02-15 05:22 GMT

കൊച്ചി; മലയാളം സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട് വായിക്കലാണ് സമകാല മലയാള സിനിമയുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ജി പി രാമചന്ദ്രന്‍. കൃതി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ 'സമകാല മലയാള സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലത്ത് മലയാള സിനിമയില്‍ നിന്ന് പോന്ന വമ്പിച്ച പുരുഷാധികാരത്തെ തുറന്ന് കാണിക്കുന്ന ആ റിപോര്‍ട്ട് വായിക്കേണ്ടതാണ്. നടിയെ തെരുവില്‍ ബലാല്‍സംഗം ചെയ്യാന്‍ ക്വൊട്ടേഷന്‍ കൊടുക്കുന്നവരാണ് മലയാള സിനിമയിലുള്ളവര്‍. ഈ മേഖലയിലെ തൊഴിലാളി വര്‍ഗവും അടിച്ചമര്‍ത്തപ്പെടുന്നവരും സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഗതകുമാരനില്‍ അഭിനയിച്ച പി കെ റോസിയെ പുറത്താക്കിയ കാണിപ്രമാണിത്വത്തോട് യോജിച്ച് കൊണ്ടാണ് മലയാള സിനിമ പിന്നീട് നിലനിന്നത്. അത് കൊണ്ടാണ് ഉറൂബിന്റെ 'രാച്ചിയമ്മ' സിനിമയാകുമ്പോള്‍ കറുത്ത നായികയെ അതരിപ്പിക്കാന്‍ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമലയാളിയുടെ രാഷ്ട്രീയ കാഴ്ചയെ നിര്‍ണ്ണയിച്ച രണ്ട് മലയാള സിനിമകള്‍ 'സന്ദേശ'വും 'തൂവാനത്തുമ്പികളു'മാണ്. 'പഞ്ചവടിപ്പാല'ത്തില്‍ നിന്ന് ആരംഭിക്കാതെ, സന്ദേശത്തില്‍ നിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ വിമര്‍ശനത്തെയാണ് മലയാളി സ്വീകരിച്ചത്. അത് കൊണ്ടാണ് ജനപ്രതിനിധികള്‍ വേതനം പറ്റാതെ പണിയെടുക്കണമെന്ന് കൂലി വാങ്ങി സിനിമ ചെയ്യുന്ന ശ്രീനിവാസന്‍ പറയുന്നതെന്നും ജി പി രാമചന്ദ്രന്‍ നിരീക്ഷിച്ചു.മലയാള സിനിമയില്‍ 15 വര്‍ഷം കൊണ്ട് ന്യൂജനറേഷന്‍ തരംഗമുണ്ടായതായും സകല മേഖലകളിലും കടന്ന് വന്ന സൂപ്പര്‍താരാനന്തര തലമുറ മലയാള സിനിമയെ മാറ്റിമറിച്ചെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. നവമാധ്യമ കാലത്ത് പ്രേക്ഷകവിപണിയും സിനിമ കാണുന്ന രീതിയും മാറിയെന്നും ആഗോളീകരണ ലോകത്തെ തത്സമയ പ്രേക്ഷകനോടാണ് മലയാള സിനിമ സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മലയാള സിനിമ സചേതനമായിരുന്ന കാലത്ത് ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് എണ്ണം തിയേറ്ററുകളേ ഇപ്പോള്‍ കേരളത്തിലുള്ളു.

അഞ്ഞൂറും ആയിരവും ആളുകളെ ഉള്‍ക്കൊള്ളാവുന്ന തിയേറ്ററുകള്‍ മാറി ടിക്കറ്റ് നിരക്ക് കൂടുതലുള്ള, കുറച്ച് പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്ററുകള്‍ വന്നു. ഒപ്പം തന്നെ സിനിമ കാണുന്ന പ്‌ളാറ്റ്‌ഫോമുകളിലും വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചതായി സി എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു.വലിയ രീതിയില്‍ പ്രമേയപരമായും ആഖ്യാനരീതിയിലും മലയാള സിനിമയില്‍ അടുത്തകാലത്തായി മാറ്റമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. പുരുഷ നായക പ്രാധാന്യം ഉണ്ടായിരുന്ന സ്ഥലത്ത് നിന്നാണ് പ്രമേയങ്ങളില്‍ വ്യത്യസ്തത കടന്നു വന്നത്. നായകന്റെ ബാല്യം, ഓര്‍മ, പകവീട്ടല്‍ തുടങ്ങി കാലത്തിന്റെ വലിയ കാന്‍വാസില്‍ നിന്ന് സ്ഥല രാശിയിലേക്ക് ചുവട് മാറി, ഒരു ദിവസത്തെ കഥ, ഒരു യാത്ര തുടങ്ങിയ ചടുലമായ വര്‍ത്തമാനകാല സംഭവങ്ങളിലേക്കുള്ള സിനിമയുടെ മാറ്റം ശ്രദ്ധേയമാണെന്ന നിരീക്ഷണമാണ് അദ്ദേഹം പങ്കുവച്ചത്.മറ്റു ഭാഷകളില്‍ 'ആര്‍ട്ടിക്കിള്‍ 15' പോലുള്ള സിനിമകള്‍ ഉണ്ടാകുകയും വാണിജ്യവിജയം നേടുകയും ചെയ്യുമ്പോള്‍ മലയാളത്തില്‍ അങ്ങനെയൊരു ശ്രമത്തിന് പോലും തയ്യാറാകാത്ത ഭീരുക്കളാണ് ഉള്ളതെന്ന് കവിയും ചലച്ചിത്ര ഗവേഷകനുമായ ജിനെഷ് എരമം ചര്‍ച്ചയില്‍ പറഞ്ഞു.

Tags: