അറയ്ക്കല്‍ രാജകുടുംബത്തെക്കുറിച്ച് ചരിത്രഗ്രന്ഥവും സിനിമയും; ചരിത്രദൗത്യവുമായി ആദിരാജ മുഹമ്മദ് റാഫി

Update: 2021-09-04 09:53 GMT

തലശ്ശേരി: അറയ്ക്കല്‍ രാജകുടുംബത്തെക്കുറിച്ച് ചരിത്രഗ്രന്ഥവും സാധാരണക്കാരിലേക്ക് കൂടി ചരിത്രവും സന്ദേശവുമെത്തിക്കാന്‍ സഹായിക്കുന്ന അറയ്ക്കല്‍ ചരിത്രത്തിലെ ഐതിഹാസികമായ ഏടുകള്‍ പ്രതിപാദിക്കുന്ന ചരിത്ര സിനിമയും നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി അറക്കല്‍ രാജ കുടുംബാംഗം ആദിരാജ മുഹമ്മദ് റാഫി പ്രഖ്യാപിച്ചു. കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച് നൂറ്റാണ്ടുകളോളം കണ്ണൂരിന്റെ തീരവും, ലക്ഷദ്വീപ്, മാലിദ്വീപ് തുടങ്ങിയ ദ്വീപുകളും ഉപയോഗിച്ച് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ വാണിജ്യ വ്യാപാരബന്ധങ്ങളിലൂടെ ലോകചരിത്രത്തില്‍ ഇടം നേടിയവരാണ് അറയ്ക്കല്‍ രാജകുടുംബം.


 2006 മുതല്‍ അറയ്ക്കല്‍ മ്യൂസിയം ചെയര്‍മാന്‍ എന്ന നിലയില്‍ തുടങ്ങിവച്ച ചരിത്ര അന്വേഷണങ്ങളുടെയും ഗവേഷങ്ങളുടെയും ഫലമായി ക്രോഡീകരിച്ച ചരിത്രങ്ങളാണ് ആദിരാജ മുഹമ്മദ് റാഫി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. സാഹസികമായ ഈ ഗവേഷണ യാത്രയില്‍ സഹകരിച്ച അറയ്ക്കല്‍ രാജകുടുംബത്തിലെ അംഗങ്ങളോടും രാജകുടുംബങ്ങളോടും ഗവേഷണ സ്ഥാപനങ്ങളോടും, മ്യൂസിയങ്ങളോടും, ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള ചരിത്രകാരന്‍മാരോടും വിദ്യാര്‍ഥികളോടും നന്ദിയറിക്കാനും ഈയവസരം ഉപയോഗിക്കുന്നുവെന്നും 37ാമത് അറയ്ക്കല്‍ ബീവിയായിരുന്ന സുല്‍ത്താന്‍ ആദിരാജ സൈനബ ആയിഷാബിയുടെയും സി ഒ മൊയ്തു കേയിയുടെയും മകന്‍ കൂടിയായ മുഹമ്മദ് റാഫി പറഞ്ഞു.


 ചരിത്രരേഖകളും ഗവേഷണങ്ങളും ഡസനോളം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളും വിവിധ സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളും ക്രോഡീകരിച്ച് അറയ്ക്കല്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഒരു ചരിത്രരചന നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തലശ്ശേരിയിലെ ബംഗ്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കുറുമ്പനാട് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ, ഒളിംപിക്‌സ് ഉള്‍പ്പെടെ ആഗോള തലത്തില്‍ ശ്രദ്ധേയമായ നിരവധി പരിപാടികളുടെ സംഘാടനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദുബയ് ഖാന്‍സ് മീഡിയ സ്ഥാപകന്‍ ഡോ.മുഹമ്മദ് ഖാന്‍, കോട്ടയം രാജകുടുംബത്തിലെ ഊരത്ത് നെല്ലിയുള്ള പറമ്പത്ത് നാരായണി ടീച്ചര്‍, തലശ്ശേരി ബംഗ്ലാ തറവാട്ടിലെ ഇസ്ഹാഖ് തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. പരിപാടിയില്‍ നേരിട്ടെത്താന്‍ സാധിക്കാതിരുന്ന ചിറയ്ക്കല്‍ രാജകുടുംബത്തിലെ സി കെ കേരള വര്‍മയുടെ ആശംസാ സന്ദേശം വായിച്ചു.

ടോക്കിയോ ഒളിംപിക്‌സില്‍ മാധ്യമവിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഡോ. മുഹമ്മദ് ഖാനെയും, രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ബംഗ്ലാ തറവാടും പൗരാണിക രേഖകളും സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഇസ്ഹാഖ് ബംഗ്ലയെയും, അറയ്ക്കല്‍ ചരിത്രരചനയ്ക്ക് നേതൃത്വം നല്‍കുന്ന ഗ്രന്ഥകാരനും ചരിത്രഗവേഷകനുമായ നാസര്‍ കാപ്പാടിനെയും, അറയ്ക്കലിനെക്കുറിച്ച് ചരിത്ര അന്വേഷണത്തില്‍ പങ്കുവഹിച്ച കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കൂടിയായ മുഹമ്മദ് ശിഹാദ്, തിരക്കഥാ രചനയ്ക്ക് നേതൃത്വം നല്‍കുന്ന മലയാള സിനിമയിലെ കഥാരചനയിലും സംവിധാനത്തിലും സാന്നിധ്യമറിയിച്ച ബിജു വട്ടപ്പാറ, സിനിമ- സീരിയല്‍ രംഗത്ത് പ്രതിഭ തെളിയിച്ച മണി വട്ടപ്പാറ എന്നിവരെ ചടങ്ങില്‍ ആദിരാജ മുഹമ്മദ് റാഫിയും രവിവര്‍മ രാജാവും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. നിയാസ് ആദിരാജ, ഷംസീര്‍ ആദിരാജ, ജമാല്‍ പാറയ്ക്കല്‍, എ സി അബ്ദുല്‍ മജീദ്, പോക്കര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News